ഹൈദരാബാദ്: പാക് കിക്കറ്റ് താരം ഷൊയ്ബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുമായി പിരിഞ്ഞ് മൂന്നാം വിവാഹം കഴിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. സമൂഹമാധ്യമങ്ങളിലൂടെ ഷൊയ്ബ് മാലിക് തന്നെയാണ് പാക് നടി സന ജവേദുമായുളള തന്‍റെ മൂന്നാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സാനിയയെ അനുകൂലിച്ചും ഷൊയ്ബിനെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു.
2010ല്‍ സാനിയയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഷൊയ്ബ് മാലിക് മറ്റൊരു ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിരുന്നുവെന്ന വസ്തുത അധികം ആരാധകരും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. അയേഷ സിദ്ദീഖിയെന്നും മഹ സിദ്ദീഖിയെന്നും വിളിക്കുന്ന ഹൈദരാബാദുകാരിയാണ് ഷൊയ്ബ് മാലിക്കിന്‍റെ ആദ്യ ഭാര്യ. ഹൈദരാബാദില്‍ അധ്യാപികയായ അയേഷയുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്താതെയാണ് സാനിയയുമായി ഷൊയ്ബ് വിവാഹത്തിന് തയാറായതെന്ന വാര്‍ത്ത അന്ന് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
സാനിയയുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ താനും ഷൊയ്ബുമായുള്ള വിവാഹത്തിന്‍റെ വിഡിയോ അടക്കം അയേഷ പുറത്തുവിടുകയും ഷൊയ്ബിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 2002ലായിരുന്നു ഷൊയ്ബ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്ന ആയേഷ പരാതിയില്‍ പറഞ്ഞിരുന്നത്. ഷൊയ്ബുമായി വിവാഹമോചനം മാത്രമാണ് തന്‍റെ ആവശ്യമെന്നും ആയേഷ അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആയേഷയുമായി ടെലിഫോണിലൂടെയുള്ള വിവാഹം മാത്രമാണ് നടന്നതെന്നായിരുന്നു ഷൊയ്ബ് മാലിക്കിന്‍റെ വാദം. അയേഷയെ ഒരിക്കൽ പോലും നേരില്‍ക്കണ്ടിട്ടില്ലെന്നും ഫോട്ടോയില്‍ കണ്ട സ്ത്രീയെ അല്ല താന്‍ ഫോണിലൂടെ വിവാഹം കഴിച്ചത് എന്ന് 2005ലാണ് തിരിച്ചറിഞ്ഞതെന്നും അതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഷൊയ്ബ് മാലിക് പറഞ്ഞിരുന്നു.വഞ്ചിക്കപ്പെട്ടുവെങ്കിലും സാനിയയുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് മധ്യസ്ഥര്‍ വഴി ഏകദേശം 15 കോടിയോളം രൂപ ജീവനാംശം നല്‍കി ഷൊയ്ബ് അയേഷയില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു.