ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മൃതദേഹം സംസ്ക്കരിച്ചു. ജില്ലാ ഭരണകൂടവും പോലീസും നാട്ടുകാരും ചേർന്നാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പോലീസ് ഇടപെട്ടാണ് ആശുപത്രിയിലാക്കിയത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനെയും പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകൾ സിജിയെയും രേഖാമൂലം വിവരം അറിയിച്ചെങ്കിലും ഏറ്റടുക്കാൻ തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്.
പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് നാലു മണിയോടെ മൃതദേഹം കുമളിയിലെത്തിച്ചു. പഞ്ചായത്ത് പൊതുവേദിയിൽ പൊതു ദർശനത്തിനു ശേഷം അട്ടപ്പള്ളം സെൻറ് തോമസ് ഫൊറോൻ പള്ളിയിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തി. പള്ളിയിലെ ചടങ്ങുകൾക്ക് മകൻ സജിമോൻ കാഴ്ചക്കാരനായി എത്തിയെങ്കിലും മകൾ സിജി ഇവിടെയുമെത്തിയില്ല. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ ഷീബ ജോർജും സബ് കളക്ടർ അരുൺ എസ് നായരും റീത്ത് സമർപ്പിച്ചു. അന്നക്കുട്ടിയെ സംരക്ഷിക്കുന്നിൽ വീഴ്ച വരുത്തിയ മക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും തീരുമാനം.