ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരല്ല താനെന്ന് ആവർത്തിച്ച് ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഞങ്ങൾ മോദിയെ ആദരിക്കുന്നു. മോദി ധൈര്യശാലിയായ പ്രധാനമന്ത്രിയാണ്. മോദി വിരോധിയാണെന്ന വ്യാഖ്യാനം മാധ്യമങ്ങളുടെ അജണ്ടയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ സ്വാഗതം ചെയ്തതാണെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം, അയോധ്യാ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠാ ദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ജ്യോതിർമഠ് ശങ്കരാചാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആചാരവിധി പ്രകാരമല്ല അയോധ്യയിലെ ചടങ്ങുകളെന്നും അപൂർണ്ണമായ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തരുതെന്നാണ് ആചാരമെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ആവർത്തിച്ചുരപവിവപ.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളില്‍ ആചാര ലംഘനം നടക്കുന്നുവെന്ന ആശങ്കയാണ് ശങ്കരാചാര്യന്മാര്‍ പങ്കുവയ്ക്കുന്നത്. വൈദിക ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ആദ്യം ചോദ്യം ചെയ്തത് ജ്യോതിര്‍മഠ് ശങ്കരാചര്യർ ആയിരുന്നു. ആചാരലംഘനം നടക്കുന്നുവെന്നതിൽ നാല് ശങ്കരാചാര്യന്മാര്‍ക്കും തുല്യ നിലപാടാണെന്നും വ്യക്തമാക്കിയിരുന്നു. ശങ്കരാചാര്യന്മാര്‍ക്ക് ചടങ്ങുകളില്‍ അതൃപ്തിയില്ലെന്നും ആശംസകള്‍ നേര്‍ന്നുവെന്നുമുള്ള പ്രതിരോധം വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തിയതിന് പിന്നാലെ പുരി ശങ്കരാചാര്യരും നിലപാട് വ്യക്തമാക്കി.
രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വൈദിക ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലെ അതൃപ്തിയാണ് പുരി ശങ്കരാചാര്യരും പരസ്യമാക്കുന്നത്. പ്രതിമ അനാച്ഛാദനമല്ല അയോധ്യയില്‍ നടക്കുന്നതെന്നും ആചാര വിധി പ്രകാരം ചടങ്ങുകള്‍ നടക്കണമെന്നും പുരി ശങ്കരാചര്യര്‍ നിശ്ചലാന്ദ സരസ്വതി നിര്‍ദ്ദേശിക്കുന്നു.
വൈദിക ചടങ്ങുകളില്‍ പങ്കെടുപ്പിക്കാതെ സാധാരണ ക്ഷണിതാവ് മാത്രം ആക്കിയതിലെ അതൃപ്തി കാഞ്ചി കാമകോടി പീഠം മഠാധിപതി വിജയേന്ദ്ര സരസ്വതിയും മറച്ച് വച്ചില്ല. പ്രതിഷ്ഠാ വേളയിലെ കുംഭാഭിഷേക ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി അനുയായി വഴി പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചു. ശങ്കരാചാര്യന്മാരുടെ നിലപാട് ചടങ്ങില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസിന വീണു കിട്ടിയ ആയുധമായി. അയോധ്യയില്‍ ആചാരലംഘനം നടക്കാന്‍ പോകുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസും കടുപ്പിക്കുന്നു.