കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‍ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിലിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ. സുകന്യയെ 17 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്‍ലിഹ് മഠത്തിലിന് 36 വോട്ടും എൻ. സുകന്യക്ക് 18 വോട്ടുകളും ലഭിച്ചു. എൽ.ഡി.എഫ് പക്ഷത്തുനിന്ന് ഒരു വോട്ട് ചോർന്ന് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചു. ബി.ജെ.പിയുടെ ഏക കൗൺസിലർ വി.കെ. ഷൈജു വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.12.30ഓടെ പുതിയ മേയർ വരണാധികാരിയായ കലക്ടർ അരുൺ പി. വിജയൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂരിലേത്.നിലവിൽ മുസ്‍ലിം ലീഗ് കോർപറേഷൻ കൗൺസിൽ ലീഡറാണ് മുസ്‍ലിഹ്. യു.ഡി.എഫിലെ ധാരണപ്രകാരം ജനുവരി ഒന്നിന് കോൺഗ്രസിലെ അഡ്വ. ടി.ഒ. മോഹനൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന് മൂന്നും ലീഗിന് രണ്ടും വർഷമെന്ന നിലക്കാണ് ധാരണ.