രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) 2023ലെ 11 അംഗ ട്വന്റി 20 ടീമിനെ തെരഞ്ഞെടുത്തു. ടീമിന്റെ നായകനായി ഇന്ത്യയുടെ ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റർ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തപ്പോൾ മറ്റു മൂന്ന് ഇന്ത്യക്കാർ കൂടി ടീമിൽ ഇടം പിടിച്ചു. ഓപണർ യശസ്വി ജയ്സ്വാൾ, സ്പിന്നർ രവി ബിഷ്‍ണോയ്, പേസർ അർഷ്ദീപ് സിങ് എന്നിവരാണ് ടീമിൽ സൂര്യക്കൊപ്പം ഇടം നേടിയത്. 2023ൽ ബാറ്റ്കൊണ്ടും ബാൾ കൊണ്ടും ആൾറൗണ്ട് മികവ് കൊണ്ടും ശ്രദ്ധേയ പ്രകടനം നടത്തിയ താരങ്ങളെയാണ് ഐ.സി.സി പരിഗണിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് സൂര്യകുമാർ ടീമിന്റെ ഭാഗമാകുന്നത്.
14 ഇന്നിങ്സിൽ 430 റൺസ് അടിച്ചുകൂട്ടിയ ജയ്സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിനെയാണ് ഓപണറായി തെരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായി വെസ്റ്റിൻഡീസിന്റെ നിക്കൊളാസ് പൂരനും ഇടംപിടിച്ചു. ന്യൂസിലാൻഡിന്റെ മാർക് ചാപ്മാൻ, സിംബാബ്വെയുടെ സിക്കന്ദർ റാസ, യുഗാണ്ടയുടെ ആൾറൗണ്ടർ അൽപേഷ് രാംജാനി, അയർലൻഡിന്റെ മാർക് അഡയർ, സിംബാബ്വെയുടെ റിച്ചാർഡ് എൻഗരാവ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.
ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിച്ച സൂര്യകുമാറിന് കീഴിൽ ഇന്ത്യ ആസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ട്വന്റി 20 മത്സരങ്ങൾ കളിച്ചിരുന്നു.
വനിതകളിൽ ഓഫ് സ്പിന്നർ ദീപ്തി ശർമ മാത്രമാണ് ഇന്ത്യയിൽനിന്ന് ഇടം നേടിയത്. ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് നായിക. ബെത്ത് മൂണി, എല്ലിസ് പെറി, ആഷ് ഗാർഡ്നർ, മേഗൻ ഷറ്റ് എന്നീ നാല് ആസ്ട്രേലിയൻ താരങ്ങളും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രന്റ്, സോഫി എക്ലസ്റ്റോൺ, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ട്, വെസ്റ്റിൻഡീസിന്റെ ഹെയ്‍ലി മാത്യൂസ്, ന്യൂസിലാൻഡിന്റെ അമേലിയ കെർ എന്നിവരും ടീമിലുണ്ട്.