തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പറിന് പണം ഈടാക്കുമെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പറുകൾ സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതിയാണ് വർഷങ്ങളായി തുടർന്നുവരുന്നത്. ഫീസിളവിന് അർഹതയില്ലാത്ത പരീക്ഷാർത്ഥികളിൽ നിന്ന് പത്ത് രൂപ വീതം ഹെഡ്മാസ്റ്റർ മുഖാന്തിരം ഇടക്കുമെന്നും വി ശിവൻകുട്ടി.
പരീക്ഷാർഥികളിൽ നിന്ന് ഫീസ് വാങ്ങുന്നത് പുതിയ തീരുമാനമല്ല. മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന രീതി ഈ വർഷവും തുടർന്നുവെന്ന് മാത്രം. യുഡിഎഫിന്റെ കാലത്തും ഇതേ രീതി തന്നെയായിരുന്നു. 2013ലെ മോഡൽ പരീക്ഷയുടെ സർക്കുലർ പരിശോധിക്കാം. അതിൽ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചിലവുകൾക്കായി ഓരോ പരീക്ഷാർത്ഥിയിൽ നിന്നും പത്ത് രൂപ വീതം ഫീസ് ഈടാക്കണമെന്ന നിർദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിനും വി ശിവൻകുട്ടി മറുപടി നൽകി. 2013ൽ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതേ രീതിയിൽ തുക ഈടാക്കിയതിന്റെ സർക്കുലറുണ്ട്. എന്നിട്ടും ഇങ്ങനെ പറയുകയാണെങ്കിൽ, സ്വന്തം ഓഫീസിൽ എന്താണ് നടക്കുന്നതെന്ന മിനിമം കാര്യം പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്ന് വേണം മനസിലാക്കാൻ. അബ്ദുറബ്ബിന് മറവി രോഗം ഉണ്ടെന്ന് സംശയിക്കുന്നതായും ശിവൻകുട്ടി പരിഹസിച്ചു.