ന്യൂഡൽഹി > അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ പൊളിച്ചടക്കി സോഷ്യൽ മീഡിയയും ഫാക്ട് ചെക്കിങ് വെബ്സൈറ്റുകളും.അങ്ങിനെ ഒരു ചിത്രമേ ബുർജിൽ തെളിയിച്ചിട്ടില്ല.
ബുർജ് ഖലീഫയിൽ വിശേഷ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. നിരവധി മലയാള ചിത്രങ്ങളുടെ ട്രെയിലറുകളുൾപ്പെടെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതുപോലെ രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി പ്രതിഷ്ഠാ ദിനത്തിൽ ബുർജ് ഖലീഫയിൽ രാമന്റെ ചിത്രവും ജയ് ശ്രീറാം എന്ന എഴുത്തും പ്രദർശിപ്പിച്ചുവെന്നാണ് സംഘപ്രൊഫൈലുകൾ വാദിച്ചത്. ജയ് ശ്രീറാം എന്ന എഴുത്തിന്റെ താഴെ രാമന്റെ ചിത്രമുള്ള ബുർജ് ഖലീഫയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ബുർജ് ഖലീഫയിൽ ഇത്തരത്തിലൊരു ചിത്രം പ്രദർശിപ്പിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
കൃത്രിമമായി നിർമിച്ച ദൃശ്യങ്ങളാണ് സംഘപരിവാർ പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഗൂഗിളിലെ റിവേഴ്സ് ഇമേജ് സെർച്ച് വഴി വിവിധ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ യഥാർഥ ചിത്രം കണ്ടെത്തിയിട്ടുണ്ട്. ബുർജ് ഖലീഫയുടെ ചിത്രത്തിനു മുകളിൽ രാമന്റെ ചിത്രം സൂപ്പർഇംപോസ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്. രാമനവമിക്കും ഇതേ രീതിയിൽ ബുർജ് ഖലീഫയിൽ രാമചിത്രം പ്രത്യക്ഷപ്പെട്ടുവെന്ന വാദവുമായി സംഘപരിവാർ രംഗത്തുവന്നിരുന്നു.