തൃശൂര്‍: തിരുച്ചിറപ്പള്ളി സ്വദേശിയായ അമ്മ കോയമ്പത്തൂരിലെ ബസില്‍ ഉപേക്ഷിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ തേടി തൃശൂര്‍ സ്വദേശിയായ അച്ഛനെത്തി. തൃശൂരില്‍നിന്നും കോയമ്പത്തൂരിലെത്തി കുട്ടിയെ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മയോടൊപ്പം ഒന്നിച്ചു ചെന്നെങ്കില്‍ മാത്രമേ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ കഴിയൂ എന്ന് ശിശു സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി കുട്ടിയെ ബസില്‍ ഉപേക്ഷിച്ചത്. ബസില്‍ കയറിയതിനുശേഷം കുട്ടിയെ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോകുകയായിരുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. ഒടുവിൽ വിവരമറിഞ്ഞ് പൊലീസുകാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ശിശു സംരക്ഷണ സമിതി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ യുവതി ബസില്‍ ഉപേക്ഷിച്ചതെന്ന് പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ബസില്‍ കയറിയ യുവതി കുട്ടിയെ പിടിക്കാന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരെത്തുമ്പോള്‍ കുഞ്ഞിനെ വാങ്ങാമെന്നും അറിയിച്ചിരുന്നു.
യുവതിയെ കാണാതായതോടെ സ്ത്രീ വിവരം അറിയിച്ച് പൊലീസെത്തുകയും കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. കുഞ്ഞിനെ തിരിച്ചറിഞ്ഞ അച്ഛന്‍ ഉടനെ കോയമ്പത്തൂരിലെത്തി കുഞ്ഞിനെ വിട്ടു കിട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. തൃശൂര്‍ -തിരുച്ചിറപ്പള്ളി സ്വദേശികളായ ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന കോയമ്പത്തൂരില്‍ തന്നെ കഴിഞ്ഞു വരികയായിരുന്നു.
വിവാഹത്തിന് തൊട്ടുപിന്നാലെ യുവാവിന്റെ പിതാവ് മരിച്ചത് യുവതി കാരണമാണെന്ന് കുറ്റപ്പെടുത്തി ഇവർക്കിടയിൽ വഴക്കുകളും പതിവായിരുന്നു. ഈയിടെ വഴക്കിനെ തുടര്‍ന്ന് യുവാവ് യുവതിയേയും കുഞ്ഞിനേയും കോയമ്പത്തൂരില്‍ വിട്ട് തൃശൂരിലേക്ക് തിരിച്ചു പോയി. ഇതില്‍ പ്രകോപിതയായാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.