ദില്ലി : കേരളത്തിന് എയിംസില്ല. രാജ്യത്ത് 22 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരിക്കുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്. അതിനുള്ള സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോയെങ്കിലും ഈ ബജറ്റിലും കേരളത്തില്‍ എയിംസ് അനുവദിച്ചിരുന്നില്ല.
തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇതുസംബന്ധിച്ച് ലോക്‌സഭയില്‍ രേഖമൂലം മറുപടി നല്‍കിയത്. പുതുതായി അനുവദിച്ച 22 എയിംസില്‍ ആറെണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് നേരത്തെ 2015-ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് മാറി മാറി വരുന്ന ബജറ്റുകളില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നാളിതുവരെ കേരളത്തിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
കേരളത്തിലും എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. കിനാലൂരില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയിരുന്നു. മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്പത്തൂര്‍, നീലഗിരി തുടങ്ങി തമിഴ്നാടിന്റെ അതിര്‍ത്ഥി ഭാഗങ്ങളിലുള്ളവര്‍ക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുന്നതാണ് എയിംസ്.കൂടാതെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും സ്ഥലം കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇതേക്കുറിച്ചൊരു പ്രഖ്യാപനവും കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല.
കോഴിക്കോട്ട് കിനാലൂരില്‍ കെഎസ്ഐഡിസിയുടെ 200 ഏക്കര്‍ നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം ഡല്‍ഹിയിലെത്തി അറിയിച്ചതാണ്. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി. കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും നടന്നില്ല. ആരോഗ്യമേഖലയില്‍ കുതിപ്പ് എല്ലാ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. നിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഡോക്ടര്‍മാര്‍. ഭുവനേശ്വര്‍ എയിംസില്‍ ബ്രെയിന്‍ ബയോ ബാങ്ക് ഉണ്ട്. വൈറോളജിയിലടക്കം ഗവേഷണം. 750 കിടക്കകളും 20 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും. 200 എം.ബി.ബി.എസ് സീറ്റുകള്‍ വരെ കിട്ടാം. കോഴിക്കോട്ട് എയിംസ് വന്നാല്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ല. ന്യൂറോളജി സ്‌പെഷ്യാലിറ്റി എയിംസിലുണ്ടാവും. 2000 കോടിയാണ് എയിംസ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.