തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്‍സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിക്കുന്നത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്.