ഫറോക്ക് > ബേപ്പൂർ ബിസി റോഡിൽ ചാലിയാർ തീരത്തുള്ള സ്വാഗത് മറീനാസ് ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിന് തീപിടിച്ചു. തീരത്തുണ്ടായിരുന്ന “മിലൻ ” എന്ന വലിയ മീൻപിടിത്ത ബോട്ടിനാണ് തീ പിടിച്ചത്. ബോട്ട് ഭാഗികമായി കത്തി നശിച്ചതിനാൽ 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു. ബുധൻ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നാട്ടുകാരും അഗ്‌നി രക്ഷാസേനയും തീ വേഗത്തിൽ അണച്ചതിനാൽ കൂടുതൽ അപകടങ്ങളും നഷ്ടവും ഒഴിവായി.
ബോട്ടിന്റെ വീൽ ഹൗസ്, ഐസും മീനും ശേഖരിച്ചു വയ്‌ക്കുന്ന സ്ഥലം, 15 സെറ്റ് വലകൾ, മൂന്ന് വയർലെസ് സെറ്റുകൾ ,ജിപിഎസ് ,എക്കോ സൗണ്ടർ, നാല് ബാറ്ററി, യുപിഎസ് ,ഇൻവെർട്ടർ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചു. കോഴിക്കോട് മാങ്കാവ് കാളൂർ റോഡ് സ്വദേശി എ ജെ മിഥുൻ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
പ്രൊപ്പല്ലർ മാറ്റാനാനും പെയിന്റിങിനുമായി ശനിയാഴ്ചയാണ് ബോട്ട് യാർഡിൽ കയറ്റിയത്. തിങ്കൾ മുതൽ അറ്റകുറ്റപ്പണി തുടങ്ങി. ചൊവ്വ വൈകീട്ടു വരെ ബോട്ടിൽ ജോലിക്കാരുണ്ടായിരുന്നു. തീ പടരുന്നത് പുഴയുടെ മറുകരയായ കരുവൻതിരുത്തി തീരത്ത് നിന്നും കണ്ടയാളാണ് ഫയർഫോഴ്സിനെ അറിയിച്ചത്.