തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. ഗവർണ്ണർ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമർശനം പ്രസംഗത്തിലുണ്ടാകും. ഇതെല്ലാം ഗവർണ്ണർ വായിക്കുമോ എന്ന് വ്യക്തമല്ല. ഭരണപക്ഷം തെരുവിൽ നേരിടുമ്പോഴാണ് ഗവർണ്ണർ സർക്കാറിന്റെ നയം പറയാനെത്തുന്നത്.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗവർണ്ണറോടുള്ള സമീപനം പ്രധാനമാണ്. ഓർഡിനൻസുകൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലെ സർക്കാർ-പ്രതിപക്ഷ പോരാണ് സഭക്ക് പുറത്ത് ഇതുവരെ കണ്ടത്. ഇനി അങ്കം അകത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി കണ്ടെത്തലുകൾ, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെ ചൊല്ലിയുള്ള വിവാദങ്ങൾ, പ്രതിപക്ഷ സമരങ്ങളോടുള്ള പൊലീസ് നടപടി അടക്കം പ്രതിപക്ഷം ആയുധമാക്കും. എക്സാലോജികിനെതിരായ പുതിയ കണ്ടെത്തലുകളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം സഭക്കുള്ളിലാകും. ദില്ലി സമരത്തിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നതാകും ഭരണപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ട്.