തിരുവനന്തപുരം : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി നേതൃസംഘം. കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരടങ്ങുന്ന സംഘമാണ് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകൾ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാർലമെന്റിലായിരുന്നു കൂടിക്കാഴ്ച്ച. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കാൻ 10-12 വർഷം വരെ വേണ്ടിവരുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ റെയിൽ പദ്ധതിയ്ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമർപ്പിച്ച ഡിപിആർ അപൂർണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാൻ കഴിയൂ എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.