ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽപസമയത്തിനകം ഇന്ത്യയിലെത്തും. ജയ്പൂരിൽ വിമാനമിറങ്ങിയ ഉടൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും.
തുടർന്ന് ഇരുവരും ജയ്പൂരിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു ശേഷം മോദിക്കൊപ്പം താജ് റാംബാഗ് പാലസ് ഹോട്ടലിൽ ചർച്ച നടത്തും. ഇരുനേതാക്കളുടെയും ചർച്ചക്കു പിന്നാലെ ഇന്ത്യയും ഫ്രാൻസും നിരവധി കരാറുകളിൽ ഒപ്പുവെക്കും. രാത്രി 8.50ന് രണ്ടു നേതാക്കളും ഡൽഹിയിലേക്ക് തിരിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തുന്നത്.
വെള്ളിയാഴ്ച കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിൽ ഫ്രഞ്ച് സൈനികരും അണിനിരക്കും. നാളെ വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാക്രോൺ ഫ്രാൻസിലേക്ക് മടങ്ങും.