ദില്ലി: എൻഡിഎ മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ തീവ്രശ്രമം. ലാലു പ്രസാദ് യാദവിനെ ഇറക്കിയാണ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോവുന്നത്. ലാലു പ്രസാദ് യാദവ് നിതീഷുമായി സംസാരിക്കും. എൻഡിഎയിലെത്തിയാൽ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നാണ് സൂചന. അതിനിടെ, സഖ്യത്തിലേക്കില്ലെന്ന നിലപാടിലുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മമതയുമായി സംസാരിച്ചു. മമത ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന ആവശ്യമുയർത്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും മമതയെ സമീപിച്ചിട്ടുണ്ട്.