പട്ന: ബിജെപിയോടൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് സിങ് കുഷ്വാഹ വ്യക്തമാക്കി. ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ ചില ആളുകളുടെ അജണ്ടയുടെ ഭാഗമാണെന്നും അങ്ങനെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. പാട്നയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികളുമായും സീറ്റ് വിഭജനവുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുനരാലോചിക്കേണ്ടതുണ്ടെന്നും കുഷ്വാഹ ചൂണ്ടിക്കാട്ടി. ബിഹാര്‍ ഭരണകക്ഷിയായ മഹാഘഡ്ബന്ദനില്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് പോകുന്നത്. ഇത്തരം പ്രചാരണങ്ങള്‍ ചില അജണ്ടകളുടെ ഭാഗമാണെന്നും ഉമേഷ് കുഷ്വാഹ പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറുമായി രണ്ട് ദിവസമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പതിവു കൂടിക്കാഴ്ച മാത്രമാണ്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നും വസ്തുതയില്ല. പാര്‍ട്ടി എംഎല്‍എമാരോട് പട്നയിലെത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും തങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.