കൊച്ചി : മില്‍മ പാലിന് വില കൂട്ടി. ഓരോ ലിറ്റര്‍ പാലിനും എറണാകുളം മേഖലാ യൂണിയന്‍ സംഭരിക്കുന്ന ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ഏഴു രൂപവീതം പ്രോത്സാഹന വിലയായി അധികം നല്‍കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ക്ഷീരസഹകരണ മേഖലയുടെ ചരിത്രത്തിലെ വലിയ പ്രോത്സാഹന അധികവിലയാണിത്. ഇതിന്റെ പ്രയോജനം ലഭിക്കുക എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രാഥമിക സംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമാണ്. ലിറ്ററിന് അധികം നല്‍കുന്ന ഏഴു രൂപയില്‍ അഞ്ചു രൂപവീതം കര്‍ഷകര്‍ക്കും രണ്ടു രൂപവീതം സംഘത്തിനും നല്‍കും.
ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത് 13 കോടി രൂപയാണ്. ദിവസവും മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രാഥമിക സംഘങ്ങളില്‍നിന്ന് സംഭരിക്കുന്നത്. 17 കോടി രൂപയാണ് മില്‍മ ജീവനക്കാരുടെ മൂന്നുവര്‍ഷത്തെ പേ റിവിഷന്‍ കുടിശ്ശിക നല്‍കാൻ നീക്കിവെച്ചത്. അഞ്ചുകോടി രൂപ ചെലവില്‍ സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നുമുണ്ട്. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഈ സാമ്പത്തികവര്‍ഷം എന്‍ഡിഡിബിയുടെ സഹായം, മേഖലാ യൂണിയന്റെ പ്രവര്‍ത്തനലാഭം എന്നിവയില്‍നിന്നായി 10 കോടി രൂപകൂടി ചെലവഴിക്കുമെന്നും ചെയർമാൻ എം ടി ജയന്‍ പറഞ്ഞു.