കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ ഉൽസവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ. മീനമ്പലം സ്വദേശി വിശാഖ് വധക്കേസിൽ മുള്ളുകാട് സ്വദേശി അനന്തുവാണ് പിടിയിലായത്. മീനമ്പലം ജ്യോത്സ്യര്‍ മുക്കിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു കൊലപാതകം. ഘോഷയാത്രയുടെ ഫ്ലോട്ടുകൾക്ക് മുന്നിലൂടെ ആടിപ്പാടുകയായിരുന്നു വിശാഖും പ്രതി അനന്തുവും. ഇതിനിടെ തമ്മിൽ വാക്കേറ്റവും സംഘർഷവുമായി. അനന്തു കത്തി ഉപയോഗിച്ച് വിശാഖിനെ വയറിലും നെഞ്ചിലും നിരവധി തവണ കുത്തി. സുഹൃത്തുക്കൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഘർഷത്തിനിടെ തലക്ക്പരിക്കേറ്റ അനന്തുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ നിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശാഖുമായുണ്ടായ മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഓണത്തിന് വൈശാഖിന്‍റെ വീടിന് സമീപത്തുള്ള മൂലത്തോട് വയലിന് സമീപം അനന്തവും കൂട്ടരും മദ്യപിക്കാനെത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത വിശാഖിനെ അനന്തു മർദിച്ചു. വിശാഖിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് അനന്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.