കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തി. കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിച്ച ഗവർണർ, എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞു. റോഡിൽ കസേരയിട്ട് ഗവർണർ ഇരുന്നതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടിയതോടെ ഗവർണർ വാഹനം നിർത്തിച്ച് പുറത്തിറങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗവർണർ അടുത്തതോടെ നാടകീയ രംഗങ്ങളായി. കറുത്ത ബാനറുയർത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് തൊട്ടരികിൽ വരെയെത്തി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു.തുടർന്നാണ് ഗവർണർ പൊലീസിനോട് ക്ഷുഭിതനായത്. സ്ഥലത്ത് കുറഞ്ഞ പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരികെ വാഹനത്തിൽ കയറില്ലെന്ന് നിലപാടെടുത്ത ഗവർണർ റോഡരികിൽ കസേരയിട്ടിരിക്കുകയും ചെയ്തു. തന്‍റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊലീസിനെ നിയോഗിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. കൊല്ലം നിലമേലിൽ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. തുടർന്നാണ് എസ്.എഫ്.ഐയുടെ പ്രതിഷേധവും ഗവർണറുടെ പ്രതിഷേധവും നടന്നത്.
എസ്.എഫ്.ഐ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഇനിയും പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രതികരിച്ചു.