കോഴിക്കോട്: റിപബ്ലിക് ദിന പരേഡിൽ കരാറുകാരന്‍റെ വാഹനത്തിൽ കയറി അഭിവാദ്യം സ്വീകരിച്ചത് വാർത്തയായിരിക്കെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരേഡിന് കയറുന്ന വാഹനത്തിന്‍റെ ആർ.സി ബുക്ക് പരിശോധിക്കാനൊന്നും മന്ത്രിമാർക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി പറഞ്ഞു. ആരുടെ വണ്ടിയാണെന്ന് പരിശോധിച്ചിട്ട് മന്ത്രിക്കതിൽ കയറാൻ പറ്റില്ല. അത് ജില്ല ഭരണകൂടവും പൊലീസുമെല്ലാം ചേർന്ന് ചെയ്യുന്ന കാര്യങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു.
വിഷയത്തിൽ ജില്ല കലക്ടറോട് സംസാരിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് കലക്ടർ പറഞ്ഞത്. എന്നാൽ, മാധ്യമങ്ങൾ നൽകിയ വാർത്ത വിഷയത്തിൽ മന്ത്രി എന്തോ പങ്കുവഹിച്ച പോലെയാണ്. കയറിയത് ഒരു പിടികിട്ടാപ്പുള്ളിയുടെ വണ്ടിയായാലും മന്ത്രിക്കെന്താണ് ഉത്തരവാദിത്തമുള്ളത്? -മന്ത്രി റിയാസ് ചോദിച്ചു.
ഇന്നലെ റിപ്പബ്ലിക് ദിന പരേഡിലാണ് അഭിവാദ്യം സ്വീകരിക്കാൻ കരാറുകാരന്‍റെ വാഹനത്തിൽ കയറിയത്. കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സാധാരണ പൊലീസ് വാഹനത്തിലാണ് അഭിവാദ്യം സ്വീകരിക്കേണ്ടത്.