പാലക്കാട്: മാങ്ങയ്ക്ക് വില ഉയർന്ന പാലക്കാട് മുതലമടയിൽ മാവിൻ തോട്ടങ്ങളിൽ മോഷണം വ്യാപകമാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ മാങ്ങയാണ് മോഷണം പോകുന്നത്. ഇതോടെ പാകമാകാതെ വിളവെടുക്കുകയാണ് കർഷകർ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളിലായി 10,000 ഹെക്ടറിലധികം മാവിൻ തോട്ടങ്ങളുണ്ട്. മാങ്ങ പാകമാകാൻ ഇനിയും ഒരു മാസം കൂടി കഴിയണം. വിളവിന് മുമ്പ് പറിക്കുന്നത് വലിയ നഷ്ടമാണ്. പക്ഷെ ഇനിയും കാത്തു നിന്നാൽ തോട്ടത്തിൽ ഒരൊറ്റ മാങ്ങ കാണില്ല. പ്രദേശത്തെ തോട്ടങ്ങളിൽ നിന്ന് കിലോയ്ക്ക് 160 രൂപ വിലയുള്ള 800 കിലോ മാങ്ങയാണ് മോഷണം പോയത്. ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കാൻ ലക്ഷ്യമിട്ട മാങ്ങയായിരുന്നു.
മോഷ്ടാക്കളെ പേടിച്ച് ഇപ്പോൾ ഭൂരിഭാഗവും ഇക്കുറി പച്ച മാങ്ങയായി പറിച്ച് തമിഴ്നാട്ടിലേക്കും കർണാടകത്തിക്കും അയക്കുകയാണ്. രാത്രിയിലും തോട്ടങ്ങളിൽ കാവലിരിക്കേണ്ട സ്ഥിതിയാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രിയിൽ പട്രോളിംഗ് ശക്തമാക്കിയതായി പൊലീസും അറിയിച്ചു.