ആരോഗ്യത്തോടെ ഏറെ നാൾ ജീവിച്ചിരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ടെൻഷൻ, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രം എന്നിവ വിവിധ രോഗങ്ങൾക്ക് കാരണമാകും. ചിട്ടയായ ഭക്ഷണശീലം ആരോഗ്യത്തോടെ ജീവിക്കാൻ അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താൻ വേണ്ട ഊർജം ലഭിക്കുന്നതിന് ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാൽ മതിയാകും. എണ്ണ, നെയ്യ്, ബട്ടർ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം. കാരണം ഇവയിൽ കൊഴുപ്പ് അമിതമാണ്. ഇല്ലെങ്കിൽ അമിതവണ്ണം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൂടാനും ഹൃദ്രോഗം, രക്തക്കുഴലുകളിൽ ബ്ലോക്ക്, ചില കാൻസറുകൾ എന്നിവ ഉണ്ടാകുന്നതിനും അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കാരണമാകും.
ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. അത് കൊണ്ട് തന്നെ അവ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. മീൻകറി, മുട്ടയുടെ വെള്ള എന്നിവ ചെറിയ അളവിൽ കഴിക്കാം. ചമത്സ്യങ്ങളായ അയില, മത്തി, നെത്തോലി തുടങ്ങിയ കഴിക്കാവുന്നതാണ്. ഒപ്പം ഭക്ഷണം സമയം എടുത്ത് ചവച്ച് കഴിക്കുക.
ദഹനത്തിൻ്റെ ആരോഗ്യത്തിന് മുതിർന്നവർ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ഭക്ഷണത്തിൽ കൂടുതലും പച്ചക്കറികൾ ഉപയോഗപ്പെടുത്തുക. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിൾ എന്നിവ കഴിക്കുക. കുടലിലെ കാൻസറിനെ തടയുന്നതിനും ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പ്രായമാകുമ്പോൾ ആഹാരത്തിൽ ഉണ്ടാകുന്ന അയണിന്റെ കുറവ് പലതരം രോഗങ്ങൾക്ക് കാരണമാകും. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. മട്ടൺ, കടുംനിറത്തിലുള്ള പച്ചക്കറികൾ, ഡ്രൈഫ്രൂട്ട്‌സ്, ശർക്കര, തണ്ണിമത്തൻ, മാതളം എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.