കൊച്ചി : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇനി മാനേജര്‍മാരും പ്രതികളാകും. കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഓ യുടെ അന്വേഷണ അലംഭാവത്തിനെതിരെ ഇന്ന് കേരളാ ഹൈക്കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലെ മാനേജര്‍മാര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചു. പോപ്പുലര്‍ നിക്ഷേപക സംഘടനയായ പി.ജി.ഐ.എ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.
തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്ത നിരവധി മാനേജര്‍മാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ ഉണ്ടായിരുന്നു. വകയാറിലെ കേന്ദ്ര ഓഫീസാണ് ആദ്യം അടഞ്ഞത്. എന്നാല്‍ ഈ സമയത്തും പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും തുറന്നു പ്രവര്‍ത്തിക്കുകയും പുതിയ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനം അടച്ചുപൂട്ടിയത് പോപ്പുലര്‍ ഫിനാന്‍സിലെ പണവും ആസ്ഥികളുംകൊണ്ട് രൂപീകരിച്ച മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ് ആണ്. വകയാര്‍ കേന്ദ്ര ഓഫീസ് പൂട്ടുകയും ഉടമകള്‍ ഒളിവില്‍ പോകുകയും ചെയ്തതോടെ പോപ്പുലര്‍ ഫിനാന്‍സിന് നാഥനില്ലാത്ത അവസ്ഥയായി. ചോദിക്കാനും പറയാനും ആരുമില്ല. ഈ അവസരം മുതലെടുത്തുകൊണ്ട് പലരും വന്‍തുക അടിച്ചുമാറ്റിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു. സ്വര്‍ണ്ണവും പണവും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കരുതുന്നു.
ചിലര്‍ കോടികളുടെ വീട് പണിതിട്ടുണ്ടെന്നും പറയുന്നു. അന്വേഷണം ജീവനക്കാരിലേക്ക് നീണ്ടാല്‍ മിക്കവരും പിടിയിലാകും. പോപ്പുലര്‍ ഉടമകള്‍ മാനേജര്‍മാരെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പോപ്പുലര്‍ തട്ടിപ്പ് വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെയാണ് നടന്നത്. പല മാനേജര്‍മാര്‍ക്കും തട്ടിപ്പിന്റെ രഹസ്യങ്ങളും നീക്കങ്ങളും അറിയാം. പോപ്പുലറില്‍ നിക്ഷേപമായി ലഭിച്ചപണം എവിടേക്ക് പോയെന്നും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ജീവനക്കാരിലേക്ക് പ്രത്യേകിച്ച് മാനേജര്‍മാരിലേക്ക് അന്വേഷണം എത്താതെ ഇവര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ടതോടെ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അന്വേഷണ പരിധിയില്‍ വരും. ഇവരെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം വ്യക്തമാകും. നിക്ഷേപകര്‍ക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.