ദില്ലി: ദില്ലി ഐഎന്‍എ മെട്രോ സ്റ്റേഷനിലേക്ക് വന്നു കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. ദില്ലി സത്യ നികേതന്‍ സ്വദേശി അജിതേജ് സിംഗ് (30) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.’പോക്കറ്റിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം ട്രാക്കില്‍ നിന്ന് നീക്കം ചെയ്ത് എയിംസ് ട്രോമ സെന്ററിലെ മോര്‍ച്ചറിയിലേക്ക് അയച്ചു.’ ഇയാളില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും രണ്ട് മെട്രോ കാര്‍ഡുകളും ചില മരുന്നുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. സമയപൂര്‍ ബദ്ലി ഭാഗത്തേക്ക് പോകുന്ന ട്രെയിനിന്റെ മുന്നിലേക്കാണ് ഇയാള്‍ ചാടിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരനെന്ന രീതിയിലാണ് ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നത്. തുടര്‍ന്ന് വേഗത്തില്‍ വന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആ സമയത്ത് നിരവധി യാത്രക്കാരും സ്‌റ്റേഷനിലുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ 15 മുതല്‍ 20 മിനിറ്റ് വരെ വൈകി.
സമീപകാലത്ത് ദില്ലി മെട്രോ സ്റ്റേഷനുകളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ രവി എന്നയാളാണ് മരിച്ചത്. 2023 ജൂലൈ മൂന്നി ദില്ലി കൈലാഷ് കോളനിയില്‍ ഒരാള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. 25 കാരനായ അര്‍ജുന്‍ ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്.