തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്ന് കാണിച്ച് മാനേജ്മെന്റ് മന്ത്രിക്ക് നൽകിയ കണക്കുകളിൽ ഗുരുതര പിശകുകളുണ്ടെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ. 50 ഇലക്ട്രിക് ബസുകൾ ‘പി.എം.ഐ’ എന്ന കമ്പനിയിൽനിന്ന് വാങ്ങിയതിൽ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
50 ഇലക്ട്രിക് ബസുകളുടെ പർച്ചേസ് ഉടമ്പടിയും വാങ്ങുന്നതിന് മുമ്പ് ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ധസമിതി റിപ്പോർട്ടും മാനേജ്മെന്റ് പുറത്തുവിടണം. പുതിയ ബസുകളിൽ ‘റിജക്ട്’ എന്ന സ്റ്റിക്കർ ഒട്ടിച്ചിരുന്നതായി പറയുന്നുണ്ട്. മാനേജ്മെന്റ് കണക്കുകൾ പ്രകാരം ഒരു ഇലക്ട്രിക് ബസിന് 6026 രൂപ പ്രതിദിന വരുമാനവും 4752 രൂപ പ്രതിദിന ചെലവുമാണ്. എന്നാൽ, യഥാർഥ ചെലവിൽ വായ്പാ തിരിച്ചടവും ബസിന്റെ ബാറ്ററി മാറുന്ന തുകയും കൂട്ടിയാൽ 4546 രൂപ കൂടി ചെലവ് വരും. അങ്ങനെയെങ്കിൽ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 9299 രൂപയാണ് യഥാർഥ ചെലവ്. ഒരു ഇലക്ട്രിക് ബസ് പ്രതിദിനം 3273 രൂപയും പ്രതിവർഷം 11.78 ലക്ഷം രൂപയും നഷ്ടം വരുത്തും. 50 ബസുകൾക്ക് പ്രതിവർഷം 5.89 കോടിയാണ് നഷ്ടം. തെറ്റായ മാനേജ്മെന്റ് നടപടികളാണ് കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം. ജീവനക്കാരുടെ എൻ.പി.എസ്, എൻ.ഡി.ആർ, പി.എഫ് തുടങ്ങി ശമ്പളത്തിൽനിന്ന് പിടിക്കുന്ന ഒരുരൂപ പോലും അവർക്ക് നൽകുന്നില്ല.
പെൻഷൻ ആനുകൂല്യങ്ങൾ ഒന്നര വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയെ മുച്ചൂടും മുടിച്ച് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിനെ പുറത്താക്കി കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാനുള്ള നടപടി പുതിയ ഗതാഗത മന്ത്രി സ്വീകരിക്കണം. ക്രമവിരുദ്ധമായ കരാർ നിയമനങ്ങൾ കെ.എസ്.ആർ.ടി.സിയിലും സ്വിഫ്റ്റിലും തുടരുകയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.