ദില്ലി: മഹാഗഡ്ബന്ധന് ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണിയുടെ പരിഹാസം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രോഹിണി ആചാര്യയുടെ എക്സ് പ്ലാറ്റ്ഫോമിലെ പരാമര്‍ശം. ‘മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് പോകുന്നു, കൂട്ടത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളും’ എന്നാണ് ഹിന്ദിയിലുള്ള രോഹിണിയുടെ എക്സ് പോസ്റ്റില്‍ പറയുന്നത്. നിതീഷ് കുമാര്‍ രാജി വയ്ക്കുന്നതിന് മുമ്പ്, ‘ഞങ്ങള്‍ക്ക് ശ്വാസമുള്ളിടത്തോളം, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും’ എക്സിലൂടെ രോഹിണി പറഞ്ഞിരുന്നു.