ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (IGI) എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിർദേശം തുടരുന്നതിനിടയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എയർ ഇന്ത്യ വിമാനത്തിൻ്റെ പൈലറ്റാണ് എയർപോർട്ടിൽ അതിക്രമിച്ചു കടയാളെ റൺവേയിൽ വച്ച് ആദ്യം കണ്ടത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) സ്ഥലത്തെത്തി ഇയാളെ പിടികൂടി.
ഹരിയാന സ്വദേശിയാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. സുരക്ഷാ വീഴ്ചയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ‘ഹൈപ്പർസെൻസിറ്റീവ്’ സിവിൽ ഏവിയേഷൻ ഫെസിലിറ്റിയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അർദ്ധസൈനിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.