ഡൽഹി: ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി സംഘം ഹേമന്ത് സോറൻ്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘം ഹേമന്ത് സോറൻ്റെ ദക്ഷിണ ഡൽഹിയിലുള്ള വസതിയിലെത്തിയത്. സോറന് ഇതുവരെ 9 സമൻസുകളാണ് ഇഡി അയച്ചിരിക്കുന്നത്. ഒരിക്കൽപോലും ഹാജരായില്ല. ജനുവരി 16 നും 20 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20ന് തന്‍റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും ഒടുവിൽ ജനുവരി 29നോ 31നോ ഹാജരായില്ലെങ്കിൽ ഉദ്യോഗസ്ഥർ വസതിയിലെത്തി ചോദ്യം ചെയ്യുമെന്ന് ഇഡി അന്ത്യശാസനം നൽകി. ഇതിന് പിന്നാലെയാണ് ഹേമന്ത് സോറൻ ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയാൽ ഇഡി നടപടിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരണം നൽകിയിട്ടില്ല.
കേസിൽ ഹേമന്ത് സോറനും അറസ്റ്റിലായേക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്തും അകത്തും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇഡി സമൻസിനെതിരെ ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു.