മാനസികാരോഗ്യത്തെ കുറിച്ച് ഇന്ന് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കാരണം ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസികാരോഗ്യം മോശമാകാം. കാരണം കണ്ടെത്തി പരിഹാരം കാണേണ്ടത് ഏറെ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കിവി പഴം, റംബൂട്ടാൻ തുടങ്ങിയ രോമമുള്ള പഴങ്ങൾ നാല് ദിവസത്തോളം മുടങ്ങാതെ കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്. കിവിയുടെ തൊലിയിലെ ചെറിയ രോമങ്ങൾ ഭക്ഷ്യയോഗ്യമാണ്. കൂടാതെ കിവി പഴം മധുരവും രുചികരവുമാണ്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കിവി. വിറ്റാമിൻ സി മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാനും ഇവ സഹായിക്കും. തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരളം അടങ്ങിയ കിവി പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. വിറ്റാമിന്‍ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ കിവി എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഉയർന്ന അളവില്‍ വിറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ റംബൂട്ടാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.