കൊച്ചി: അഭിഭാഷകർക്കതിരെ കേസെടുക്കലും അവരോടുള്ള പൊലീസ് ഇടപെടലും സംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയടക്കം വിശദീകരണം തേടി. ഈ ആവശ്യവുമായി കേരള ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും നിയമസെക്രട്ടറിക്കും നോട്ടീസ് ഉത്തരവായി.
പാലക്കാട്ട് ആക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജിക്കൊപ്പം ഫെബ്രുവരി ആറിന് ഈ ഹരജിയും പരിഗണിക്കും.
കോടതികൾ മുമ്പ് പല നിർദേശങ്ങളും നൽകിയിട്ടുണ്ടെങ്കിലും അഭിഭാഷകർക്കെതിരായ പൊലീസ് അതിക്രമങ്ങളും കള്ളക്കേസുകളും വർധിക്കുന്നതായി ഹരജിയിൽ പറയുന്നു. നിയമനിർവഹണത്തിന്‍റെ ഭാഗമായ അഭിഭാഷകരുടെ ജോലിയെ ബാധിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
മാർഗനിർദേശങ്ങൾ തയാറാക്കാനും കോടതിയെ സഹായിക്കാനുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കണമെന്നും അഭിഭാഷകർക്കെതിരെ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക് സംവിധാനം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.