മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെ സഖ്യത്തിൽ ഉൾപ്പെടുത്തി മഹാവികാസ് അഘാഡി. കോൺഗ്രസ്, എൻ.സി.പി,ശിവസേന എന്നിവർ ചേർന്നാണ് പാർട്ടിയെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തത്.
വി.ബി.എയെ രാഷ്ട്രീയ സഖ്യകക്ഷിയായി ഉൾപ്പെടുത്താൻ കോൺഗ്രസും എൻ.സി.പിയും ശിവസേനയും തീരുമാനിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ പിന്തുണക്ക് ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാന പടോള പറഞ്ഞു.
മുന്നണിയിൽ എടുക്കുന്ന വിവരമറിയിച്ച് പ്രകാശ് അംബേദ്കർക്ക് മഹാവികാസ് അഘാഡി കത്തയച്ചിട്ടുണ്ട്. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാന പടോള, എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കത്തിൽ പറയുന്നു. രാജ്യത്തെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുകയാണെന്നും കത്ത് വ്യക്തമാക്കുന്നു.
2024 വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായില്ലെങ്കിൽ ഇത് അവസാന ലോക്സഭ തെരഞ്ഞെടുപ്പാകുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. മഹാരാഷ്ട്രയിൽ മാറ്റം കൊണ്ട് വരുന്നതിനാണ് മഹാവികാസ് അഘാഡി സഖ്യം പ്രവർത്തിക്കുന്നതെന്നും കത്തിൽ പറയുന്നു.
ഡോ.ബി.ആർ അംബേദ്കറിന്റെ പേരക്കുട്ടിയായ പ്രകാശ് അംബേദ്കറിന്റെ വി.ബി.എക്ക് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ സ്വാധീനമുണ്ട്. അതേസമയം, സഖ്യത്തിലേക്കുള്ള വി.ബി.എയുടെ വരവ് മഹാരാഷ്ട്രയിലെ ലോക്സഭ സീറ്റ് വിഭജനത്തിൽ പ്രതിസന്ധിയാവുമെന്നും ആശങ്കയുണ്ട്.