തൃശൂർ> കുത്തകമുതലാളിത്തവുമായി സന്ധിചെയ്തും സമരസപ്പെട്ടുമാണ് എക്കാലത്തും ഫാസിസം നിലനിന്നിട്ടുള്ളതെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്. തൃശൂരിൽ കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൽ ‘ജനാധിപത്യം എങ്ങനെ മരിക്കുന്നു– നവ ഉദാരവൽക്കരണവും ഫാസിസവും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു പ്രഭാത്.
ദേശീയ അടിസ്ഥാനത്തിൽ മാത്രം സംഘടിതരായ തൊഴിലാളിസമൂഹം വേതനമടക്കമുള്ള കാര്യങ്ങളിൽ നടത്തുന്ന സമരങ്ങളെ തകർക്കാൻ മുതലാളിത്ത ശക്തികൾക്കു കഴിയുന്നത് ആഗോളാടിസ്ഥാനത്തിലുള്ള അവരുടെ സംഘാടനാശേഷി കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന മുതലാളിത്തശക്തികൾ തൊഴിലാളികളുടെ സംഘടനാബലം ഇല്ലാതാക്കാനുള്ള നിരന്തരശ്രമത്തിലാണ്. വിപണി സ്വതന്ത്രമാക്കിയ രാഷ്ട്രങ്ങളെല്ലാം ആഗോളസാമ്പത്തികശക്തികൾക്കു കീഴ്‌പ്പെട്ടു കഴിയാൻ നിർബന്ധിതരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാസിസം പ്രതിസന്ധി നേരിടുമ്പോഴെല്ലാം യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കാനാണ് ഭരണകൂടങ്ങൾ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഒരുപാടു പ്രതിസന്ധികളിലൂടെ ഇൻഡ്യൻ സമൂഹം കടന്നു പോകുമ്പോൾ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചർച്ച ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ഈ തന്ത്രത്തിന്റെ ഭാഗമായാണെന്നും പ്രഭാത് പട്‌നായിക്ക് പറഞ്ഞു.