തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അദ്ദേഹം തള്ളി. ലോകായുക്ത നിയമത്തിനെതിരായ ഹൈക്കോടതി പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 22 വര്‍ഷം മുന്‍പില്ലാത്ത നിയമ പ്രശ്‌നം ഇപ്പോള്‍ എങ്ങിനെ വന്നുവെന്നതില്‍ ജനം സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലോകായുക്ത നിയമത്തിന്റെ ചിറകരിയുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. ജലീലിനെ നിയന്ത്രിക്കേണ്ട ബാധ്യത സിപിഎമ്മിനാണ്. ഓര്‍ഡിനന്‍സിലൂടെ പ്രതിപക്ഷത്തിന് സര്‍ക്കാര്‍ വടി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷം പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്ന നിലയുണ്ടായി. അഴിമതിക്കെതിരെ ഇടത് പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് ഓര്‍ഡിനന്‍സിലൂടെ നമ്മെ തുറിച്ചുനോക്കുകയാണ്. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ പാര്‍ട്ടി ആലോചിച്ച് തുടര്‍നിലപാട് സ്വീകരിക്കുമെന്നും കാനം പറഞ്ഞു.