പെനിസിൽവാനിയ: ഭരണകൂടത്തോടുള്ള ആശയപരമായ എതിർപ്പ് മൂലം സർക്കാർ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകൻ. അമേരിക്കയിലെ പെനിസിൽവാനിയയിലാണ് സംഭവം. 68കാരനായ സർക്കാർ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിൻ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡിൽടണിലെ വീട്ടിൽ വച്ച് തലയറുത്ത് കൊന്നത്. അനധികൃത കുടിയേറ്റത്തെ ബൈഡൻ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാർ രാജ്യത്തെ നശിപ്പിക്കുന്നുവെന്നും ആരോപിച്ച് പിതാവിന്റെ അറുത്തെടുത്ത തല യുട്യൂബ് വീഡിയോയിലൂടെ പ്രദർശിപ്പിക്കാനും ഈ 32കാരൻ മടിച്ചില്ല.
വീഡിയോ പോസ്റ്റ് ചെയ്ത് ആറ് മണിക്കൂറോളം സമയമാണ് ഈ വിഡിയോ യുട്യൂബിൽ ലഭ്യമായത്. 14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച വരെ ഓണ്‍ലൈനിൽ നിരവധി പേരാണ് കണ്ടത്. ചോരയിറ്റ് വീഴുന്ന പ്ലാസ്റ്റിക് കവറിനുള്ളിലൂടെയാണ് പിതാവിന്റെ ശിരസ് 32കാരൻ പ്രദർശിപ്പിച്ചത്. കഴിഞ്ഞ 20 വർഷമായി സർക്കാർ ജീവനക്കാരനായിരുന്നു മൈക്കൽ. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ, അറ്റോണി ജനറൽ മെറിക് ഗാർലാന്‍റ്, മുൻ അറ്റോണി ജനറൽ ബിൽ ബാർ എന്നിവരെ കൊലപ്പെടുത്തുന്നവർക്ക് 1 മില്യൺ ഡോളർ നൽകുമെന്നാണ് ജസ്റ്റിൻ വീഡിയോയിലൂടെ വിശദമാക്കിയത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ജസ്റ്റിനെ അറസ്റ്റ് ചെയ്തത്. മൈക്കലിന്റെ തലയറുത്ത് മാറ്റിയ മൃതദേഹം കുളിമുറിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. 63കാരിയായ അമ്മ 35 കാരനായ സഹോദരൻ 38 കാരിയായ സഹോദരി എന്നിവർക്കൊപ്പമായിരുന്നു ജസ്റ്റിൻ കുടുംബ വീട്ടിൽ താമസിച്ചിരുന്നത്.