കർണാടക: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ ലോകായുക്ത റെയ്ഡ്. സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫീസിലുമാണ് പരിശോധന. ബെംഗളൂരു ഒഴികെയുള്ള വിവിധ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ലോകായുക്ത ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഡോ. എ സുബ്രഹ്മണ്യേശ്വര റാവു. 10 സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള 40 ഓളം ഇടങ്ങളിലാണ് റെയ്ഡ്. ചാമരാജനഗർ, മൈസൂരു, ഹാസൻ, മാണ്ഡ്യ, തുംകുരു, കൊപ്പൽ, മംഗലാപുരം എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. മാണ്ഡ്യയിൽ ബെസ്കോം എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയാണ് റെയ്ഡ്. ഇയാളുടെ വിദ്യാരണ്യപുരയിലെ വീട്ടിലും നാഗമംഗലയിലെ ഫാം ഹൗസിലും പരിശോധന നടന്നു.
നാഗമംഗലയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭാര്യാപിതാവിൻ്റെ(ഭരണകക്ഷിയായ കോൺഗ്രസിലെ ശക്തനായ നേതാവാണ്) വീട്ടിലാണ് ലോകായുക്ത സംഘം റെയ്ഡ് നടത്തിയത്. ഹാസനിലെ ഫുഡ് ഇൻസ്‌പെക്ടറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. റിയൽറ്ററായ ഫുഡ് ഇൻസ്പെക്ടറുടെ സഹോദരൻ്റെ വീട്ടിലും പരിശോധന നടന്നു. കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ലിമിറ്റഡിലെ ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ലോകായുക്തയുടെ റഡാറിർ ഉണ്ട്.