ഇസ്ലാമാബാദ് > തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം തടവുശിക്ഷ. ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 78.7 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന സിഫർ കേസിൽ 10 വർഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണിത്. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ ലഭിക്കുന്നത്.
പ്രധാനമന്ത്രിയായിരിക്കെ വിവിധ രാജ്യങ്ങളിൽനിന്ന് ലഭിച്ച വിലപിടിപ്പുള്ള 108 സമ്മാനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വിറ്റ് നേട്ടമുണ്ടാക്കിയെന്ന തോഷഖാന കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. 2022 മാർച്ചിൽ നടന്ന പാർടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തിക്കാട്ടിയിരുന്നു. ഈ കേസിലാണ് ഇമ്രാന് കഴിഞ്ഞദിവസം 10 വർഷം തടവ് ശിക്ഷ വിധിച്ചത്. അഴിമതിക്കേസിൽ മൂന്നുവർഷം തടവ് അനുഭവിക്കുന്ന ഇമ്രാൻ നിലവിൽ അഡിയാല ജയിലിൽ ആണുള്ളത്. കേസുകൾ കാരണം അയോഗ്യനായതിനാൽ പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാനായിട്ടില്ല.