യുഎഇ : മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഇന്ന് ദുബായില്‍ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും പ്രവാസി മലയാളികളുടെ സീകരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. അതിനിടെ എക്‌സ്‌പൊയില്‍ കേരള വീക്കും പുരോഗമിക്കുകയാണ്. ദുബായ് എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തുവരെ നീളുന്ന കേരളവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. കണ്ണൂരില്‍ 5500 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതി വഴി യാത്ര വേഗത്തിലാകും.
സംസ്ഥാനം മുഴുവന്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതോടെ ഡിജിറ്റല്‍ മുന്നേറ്റത്തിന് വഴിയൊരുങ്ങും. കിഫ്ബി വഴി 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സിയൂദി, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.