ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും.