തൃശൂര്‍: വലിയ അളവിൽ മാരക മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇന്നലെ വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് 34 -കാരനായ സെയ്ത് എന്നയാളെ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എടി ജോബിയുടെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറാണ് 78 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സാമുഹ്യ മാധ്യമങ്ങളിലുടെ ആവശ്യക്കാര്‍ക്ക് ഗ്രാമിന് 4000 രൂപയ്ക്കാണ് രാസലഹരി വില്പന നടത്തിയിരുന്നത്.
മൂന്ന് ലക്ഷത്തലധികം രൂപയുടെ എംഡിഎംഎയാണ് സെയ്തിന്റെ കയ്യിൽ നിന്ന് പിടികൂടിയത്. ഫോൺ പേ, ഗൂഗിൾ പേ എന്നീ ഓൺലൈൻ പേമെന്റുകളിലൂടെയാണ് പണ ഇടപാടുകൾ നടത്തിയിരുന്നത്. സംഘത്തിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സോണി കെ ദേവസ്സി, ജബ്ബാർ, പ്രിവന്റീവ് ഓഫീസർ എംഎം മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ യു അനിൽ പ്രസാദ്, സുരേഷ് , വി എസ് കണ്ണൻ കെ എം എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ചാവക്കാട് ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.