പത്തനംതിട്ട : നിരന്തരം വഴക്കുപറയുന്നെന്ന വിരോധത്താൽ വയോധികയായ വീട്ടമ്മയെ കോടാലിക്കൈകൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജാർഖണ്ഡ് സഹേബ്ഗഞ്ച് ബർമസിയ, ദോരായ്‌സന്തലി ബഡാബിച്കനി ചന്ദപഹഡിയയുടെ മകൾ സുശീല എന്ന് വിളിക്കുന്ന ബംഗാരിപഹഡി (29) നെയാണ് കോടതി ശിക്ഷിച്ചത്.
2018 ഡിസംബർ 26 പകൽ 11.30 നും ഒന്നരയ്ക്കുമിടയിലാണ് സംഭവം. കോയിപ്രം പുല്ലാട് മുട്ടുമൺ മേലത്തേതിൽ പി.എസ്. ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (77) ആണ് യുവതിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. ജോർജ്ജിന്റെ മൊഴിപ്രകാരം കോയിപ്രം എസ്.ഐയായിരുന്ന കെ.എസ്. ഗോപകുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന്, പൊലീസ് ഇൻസ്‌പെക്ടർ ആർ പ്രകാശ് അന്വേഷണം പൂർത്തിയാക്കി 2019 മാർച്ച് 28 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മറിയാമ്മ നിരന്തരം വഴക്ക് പറയുന്നു എന്ന വിരോധം കാരണം, പ്രതി വീടിന്റെ അടുക്കളഭാഗത്ത് വച്ച് കോടാലിക്കൈ കൊണ്ട് തലയിലും കൈകാലുകളിലും മർദ്ദിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന്, ബിലീവേഴ്‌സ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞുവരവേ, പരിക്കിന്റെ കാഠിന്യം കൊണ്ട് മറിയാമ്മ ജോർജ്ജ് മരണപ്പെട്ടതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി. വാസു ഹാജരായി.