തിരുവനന്തപുരം> പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത വാചകമേള ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്. കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് ബജറ്റിലെ ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ അവകാശവാദം. പക്ഷേ, നിയമമനുസരിച്ച് മൂന്ന് ശതമാനത്തിനപ്പുറം പാടില്ല. ധനകമ്മി മൂന്ന് ശതമാനം അധികരിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിനു നേരെ കുതിരകയറുന്ന കേന്ദ്രം 5.1 ശതമാനം എന്നത് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുകയാണ്. എന്നിട്ട്, കേരളത്തിന്റെ അധിക വായ്പ വെട്ടിക്കുറയ്ക്കുകയാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
മൂലധനചെലവ് 11 ശതമാനം വർധിപ്പിച്ച് 11,11,111 കോടിയാക്കി. ഇത് എൻഎഎച്ച്എഐ വഴി വായ്പയെടുത്ത് ചെലവാക്കുന്ന പണമാണ്. ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. എന്നാൽ, പൊതുമേഖല സ്ഥാപനത്തിലിത് പറ്റില്ലായെന്നതാണ് ധനമന്ത്രിയുടെ നിലപാട്. ജിഡിപി 7.3 ശതമാനം വളർന്നുവെന്നാണ് അവകാശവാദമെങ്കിലും കൃഷി 1.8 ശതമാനമേ വളർന്നുള്ളൂ. വ്യവസായ വളർച്ചയും മുരടിപ്പിലാണ്. ഉപഭോഗവും സ്വകാര്യനിക്ഷേപവും മുരടിപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ ഏതൊരു ബജറ്റും ചെയ്യേണ്ടത് ചെലവ് വർധിപ്പിക്കലാണ്. എന്നാൽ നിർമ്മലാ സീതാരാമൻ ചെയ്യുന്നത് നേർവിപരീതമാണ്. അതേപ്പോലെ, ബജറ്റിൽ ഏറ്റവും കുറച്ച് ചെലവഴിക്കുന്നത് കൃഷിയ്ക്കാണ്, 1.17 ലക്ഷം കോടി.
നടപ്പുവർഷവും ഇതേ തുകയായിരുന്നു. ഗ്രാമവികസനം, പാർപ്പിട പദ്ധതി, ജലജീവൻ മിഷൻ, തൊഴിലുറപ്പ് പോലെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലൊന്നും വർധനയില്ല. ആറ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കൽ കഴിഞ്ഞ വർഷത്തെ ബജറ്റിലെ അതേ തുക തന്നെയാണ്. പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയും അടങ്കലിൽ വർധനയില്ലെന്ന് അദ്ദേഹം പറഞ്ഞു.