തിരുവനന്തപുരം> ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാങ്ങിയതുമായ ഭൂമിയിലാണ് ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് 318 എ വീട് നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്.
തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 എ യുടെ 2023 24 വൈസ് ഗവര്‍ണര്‍ പിഎം ജിഎഫ് ലയണ്‍ എം.എ.വഹാബിനെ പ്രതിനിധീകരിച്ച് പത്മകുമാര്‍, ബി.പ്രദീപ്, സക്കറിയ ഡി ത്രോസ്, രവികുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍(റൂറല്‍) പ്രേം കുമാര്‍, ലൈഫ് മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ജില്ലകളിലെ 4 കേന്ദ്രങ്ങളിലാണ് 500 ച.അടി വീതം വിസ്തീര്‍ണ്ണമുള്ള 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം വീട് നിര്‍മ്മാണം ലയണ്‍സ് ഇന്റര്‍നാഷണല്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ലൈഫ് ഗുണഭോക്താക്കള്‍ക്ക് കൈമാറും. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് ബ്‌ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 96 സെന്റ്, കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഒരു ഏക്കര്‍ ഭൂമി, കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി സുബ്രഹ്മണ്യം അബ്ദുള്ള വാങ്ങി നല്കിയ ഒരു ഏക്കര്‍ ഭൂമി, പരവൂര്‍ മുന്‍സിപ്പാലിറ്റിയിലെ 73 സെന്റ് സ്ഥലം എന്നിവിടങ്ങളിലായാണ് ലൈഫ് മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ലയണ്‍സ് ഇന്റര്‍നാഷണല്‍ 318എ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
ലൈഫ് മിഷനുമായി കൈകോര്‍ക്കാന്‍ രംഗത്തെത്തിയ ലയണ്‍സ് ഇന്റര്‍നാഷണലിനെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനകം തന്നെ 3,71,934 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കാനായി. ലയണ്‍സ് ഇന്റര്‍നാഷണലിനെപ്പോലെ കൂടുതല്‍ സംഘടനകള്‍ ലൈഫ് മിഷനോടൊപ്പം സഹകരിക്കാന്‍ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു