തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി. സുനില്‍കുമാറിനെയാണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സസ്പെന്‍ഡ് ചെയ്ത ഉത്തരവിറക്കിയത്. നിലവില്‍ എറണാകുളം വാഴക്കുളം എസ്.എച്ച്.ഒ ആണ് സുനില്‍കുമാര്‍. സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചുമതല. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കേസന്വേഷണത്തിലെ ഗുരുതര വീഴ്ച മൂലം പ്രതിയെ കുറ്റമുക്തനാക്കിയ വിധിന്യായത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.