ദില്ലി : കൊറോണ വൈറസിന്റെ അവസാന വകഭേദമൊന്നുമാകില്ല ഒമിക്രോണെങ്കിലും ഇതോടെ മഹാമാരിയെന്ന നിലവിട്ട് കോവിഡ് ഒരു പ്രാദേശിക പകര്‍ച്ചവ്യാധിയായി മാറുമെന്ന് പല ഗവേഷകരും അടുത്തിടെ പ്രചിച്ചിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയായി മാറിയാലും കൊറോണ വൈറസ് അത്ര നിരുപദ്രവകാരിയാകില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ലോകത്തിലെ പല പകര്‍ച്ചവ്യാധി വിദഗ്ധരും. വൈറസിനെതിരെ അണുബാധ കൊണ്ടും വാക്‌സിനേഷന്‍ കൊണ്ടും ജനങ്ങള്‍ നേടിയ പ്രതിരോധ ശേഷി കൊണ്ട് മാരകമായ രൂപത്തിലുള്ള കോവിഡ് പകര്‍ച്ചവ്യാധിയെ ഇനി നാം കണ്ടേക്കില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെബാസ്റ്റ്യന്‍ ഫണ്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ ബാധിക്കപ്പെടുന്ന ആളുകളുടെ എണ്ണം ഒരാള്‍ എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതിനെ കുറിക്കുന്ന റീപ്രൊഡക്‌ഷന്‍ നമ്പരുമായി ബാലന്‍സ് ചെയ്യപ്പെടുമ്പോഴാണ് ഏതെങ്കിലും രോഗം പകര്‍ച്ചവ്യാധി ആയതായി കരുതുന്നതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈറോളജിസ്റ്റ് അരിസ് ക്യാറ്റ്‌സൗരാകിസ് വ്യക്തമാക്കി.
പകര്‍ച്ചവ്യാധിയായത് കൊണ്ട് മാത്രം കോവിഡിനെ നിസ്സാരമായി കാണരുതെന്നും അരിസ് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തിലെ മുതിര്‍ന്ന ജനസംഖ്യയില്‍ ഭൂരിപക്ഷവും കടുത്ത അണുബാധയ്‌ക്കെതിരെ സംരക്ഷിതരാകുമ്പോള്‍ മാത്രമേ കോവിഡ് മഹാമാരിയില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മാറുകയുള്ളൂ എന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ മാര്‍ക്ക് വൂള്‍ഹൗസ് പറയുന്നു. അതിനിടെ ഒമിക്രോണിന്റെ യഥാര്‍ഥ രൂപത്തിനേക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് അതിന്റെ ഉപ-വകഭേദമായ ബിഎ.2 എന്ന് ഡെന്‍മാര്‍ക്കില്‍ നടന്ന പഠനം കണ്ടെത്തി. ഒരിക്കല്‍ വന്നവരില്‍ വീണ്ടും അണുബാധയുണ്ടാകുന്ന സെക്കന്‍ഡറി അറ്റാക്ക് നിരക്ക് ബിഎ 2 ഉപ-വകഭേദത്തില്‍ 39 ശതമാനമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത വാക്‌സീന്‍ എടുത്തവരെയും ബൂസ്റ്റര്‍ ഡോസ് എടുത്തവരെയും അപേക്ഷിച്ച് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് അധികമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.