ഹരിപ്പാട്: അയൽപക്കത്തെ വീട്ടിൽ ജോലിക്ക് എത്തിയ ആളെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പള്ളിപ്പാട് പുല്ലമ്പട തയ്യിൽ കോളനിയിൽ സുരേഷിനെ( 45) ആണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് പ്രതിയുടെ വീടിന് സമീപത്തെ ഷാജിയുടെ വീട്ടിൽ ജോലിക്ക് എത്തിയ പള്ളിപ്പാട് വടക്കേക്കര കിഴക്ക് മാനപ്പള്ളി കോളനിയിലെ അനിൽകുമാറുമായി പ്രതി വഴക്കുണ്ടാക്കുകയും ചുടുകട്ട കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹരിപ്പാട് എസ് എച്ച് ഒ ദേവരാജൻ സി, എസ് ഐ മാരായ ഷൈജ, ഉദയകുമാർ, രാജേഷ് ചന്ദ്ര, സിപിഒ നിഷാദ്. എ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
സമാനമായ മറ്റൊരു കേസിൽ തൃശ്ശൂർ വിയ്യൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. വിയ്യൂർ സ്വദേശി ഉണ്ണിക്കുട്ടനാണ് മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിൽ സുഹൃത്ത് മധുവിനെ കൊന്നത്. തൃശ്ശൂർ വിയ്യൂർ സ്വദേശിയും സ്വർണ പണിക്കാരനുമായ മധു കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു മധുവിനെ ഉണ്ണിക്കുട്ടൻ ഇഷ്ടിക കൊണ്ട് തലക്കടിച്ചത്. മദ്യം വാങ്ങാൻ പണം നൽകണമെന്ന് ഉണ്ണിക്കുട്ടൻ മധുവിനോട് ആവശ്യപ്പെടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പണം നൽകാനാവില്ലെന്ന് മധു പറഞ്ഞു. ഇതിന്‍റെ പേരിൽ ആദ്യം ഉണ്ണിക്കുട്ടൻ മധുവിനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അക്രമത്തിനിടെ ഇഷ്ടിക കൊണ്ട് തലക്കുമടിച്ചു. തുടർന്നായിരുന്നു മരണം. വിയ്യൂർ പൊലീസാണ് ഉണ്ണിക്കുട്ടനെ അറസ്റ്റ് ചെയ്തത്.