മാനന്തവാടി: ടൗണിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. ജില്ലാ കലക്ടർ രേണുരാജാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവുമായി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദീപ സ്ഥലത്തെത്തിയിട്ടുണ്ട്.
ആന ചതുപ്പിൽനിന്ന് നീങ്ങുന്ന മുറയ്ക്ക് വെടിവെക്കും. തുടർന്ന് വാഹനത്തിൽ കർണാടകയിലേക്ക് മാറ്റാനാണ് നീക്കം. നഗരത്തിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു.
മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ വിടരുതെന്നും സ്കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുത്.