ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തില്‍ ദുരൂഹത നീക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സേവന നികുതിയുമായി ബന്ധപ്പെട്ട് വീണ വിജയനെതിരായ ആരോപണങ്ങളിലും ദുരൂഹതകളിലും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണം. വീണ വിജയന്‍റെ കമ്പനിക്ക് മറ്റു നിഗൂഡ ബിസിനസുകാരില്‍നിന്ന് ഇത്തരം ദുരൂഹമായ പണവും ഫീസും ലഭിക്കുന്നുണ്ടോയെന്നും അഴിമതി നടന്നിട്ടുണ്ടോയെന്നും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎമ്മും കേരളത്തിലെ കോൺഗ്രസും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നത് ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഒരു കാലത്ത് കോൺഗ്രസ് അഴിമതിക്കും സിപിഎം അക്രമത്തിനും ഭീഷണികൾക്കും കൊലപാതകങ്ങൾക്കും പേരുകേട്ടതായിരുന്നു. പക്ഷെ ഇപ്പോൾ കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരു വ്യത്യാസവുമില്ല. രാഷ്ട്രീയ സംസ്കാരത്തിൽ സ്വജനപക്ഷപാതത്തിൽ,അഴിമതിയുടെ കാര്യത്തിൽ,പ്രീണന രാഷ്ട്രീയത്തിൽ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും രണ്ടു പാർട്ടികളും ഒരു പോലെ തുല്യരായിരിക്കുകയാണ്.ഇരുവരും’യുപിഎ- ഇന്‍ഡി’ സഖ്യകക്ഷികളാണെന്നത് തന്നെ ഇതിനുള്ള ഏറ്റവും നല്ല തെളിവാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.