തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റിൽ 76.01 കോടി വകയിരുത്തിയതിൽ ചെലവഴിച്ചത് 10.79 കോടിയെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ച കണക്കുകൾ. ആകെ വകയിരുത്തിയ തുകയുടെ ഏതാണ്ട് 14.2 ശതമാനമാണ് ചെലവഴിച്ചത്.
2023-24 ലെ സംസ്ഥാന ബജറ്റിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് വകയിരുത്തിയിട്ടുള്ള തുകയുടെ വിനിയോഗവും സംബന്ധിച്ച് പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ അനുബന്ധമായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജനുവരി 31 വരെയുള്ള വിനിയോഗത്തിന്റെ കണക്കാണിത്.
ആകെയുള്ള 14 പദ്ധതികളിൽ ആറെണ്ണത്തിന് വകയിരുത്തിയ തുകയിൽനിന്ന് ഒരു പൈസ ചെലവഴിച്ചിട്ടില്ല. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (സംസ്ഥാനം 40 ശതമാനം) പദ്ധതിക്ക് വകയിരുത്തിയത് 16 കോടി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (സി.എസ്.എസ് 60 ശതമാനം) പദ്ധതിയുടെ 24 കോടി, മൈനോറിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് വകയിരുത്തിയ 10 ലക്ഷം, ഓഫീസ് ആധുനികവൽക്കരണത്തിനുള്ള ഒരുകോടി, ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ കുടിവെള്ള വിതരണ പദ്ധതിയുടെ ഒരു കോടി, ഐ.ടി.സി ഫീ റീഇംബേഴ്സ്മെൻറ് സ്കൂമിന്റെ 4.82 കോടി എന്നിവയിൽ ഒരു പൈസപോലും ചെലവഴിച്ചില്ല.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന് ഷെയർ ക്യാപിറ്റലായി 13 കോടി വകയിരുത്തിയതിൽ 20 ശതമാനം ചെലവഴിച്ചു. ഇമ്പിച്ച ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അഞ്ച് കോടിയാണ് വകയിരുത്തിയത്. അതിൽ ചെലവഴിച്ചത് 29 ശതമാനമാണ് (1.45 കോടി). വിവാഹപൂർവ കൗൺസിലിങ്ങിന് 90 ലക്ഷം വകയിരുത്തിയെങ്കിലും 20 ശതമാനേ ചെലവഴിച്ചുള്ളു.
കരിയർ ഗൈഡൻസ് പരിശീലന പരിപാടിക്ക് 1.20 കോടി വകയിരുത്തി. 25 ലക്ഷം അതായത് 21 ശതമാനമാണ് ചെലവഴിച്ചത്. എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് 68 ലക്ഷം നീക്കിവെച്ചതിൽ 98.2 ശതമാനം ചെലവഴിച്ചു. മദർ തെരേസ സ്കോളർഷിപ്പിന് 68 ലക്ഷം വകയിരുത്തി. അതിൽ 98.2 ശതമാനം ചെലവഴിച്ചു. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്/സിവിൽ സർവീസ് സ്കോളർഷിപ്പ്/ വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് 6.52 കോടി വകയിരുത്തി. 72.4 ശതമാനം ചെലവഴിച്ചു. സി.എ/ സി.എം.എ / സി.എസ് കാളർഷിപ്പിന് 97 ലക്ഷം വകിയിരുത്തിയതിൽ 16.5 ശതമാനമാണ് ചെലവഴിച്ചതെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ വിനിയോഗ ലിസ്റ്റ് വ്യക്തമാക്കുന്നു.