ലക്നൗ: വസ്തുവിനെച്ചൊല്ലി ദീര്‍ഘനാളായി നിലനിൽക്കുന്ന തര്‍ക്കം വെടിവെപ്പിൽ കലാശിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുമുണ്ട്. പ്രധാന പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു.
എസ്‍യുവി കാറിൽ കൂട്ടാളികള്‍ക്കൊപ്പം എത്തിയ ലല്ലൻ ഖാൻ എന്നയാളാണ് വീട്ടിലുണ്ടായിരുന്നവരെ ലക്ഷ്യമിട്ട് വെടിവെച്ചത്. ആദ്യം പരക്കെ വെടിയുതിർത്ത ഇവര്‍ പിന്നീട് വീട്ടിലുള്ളവരുമായി സംസാരിക്കുന്നതും കലഹിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബന്ധുക്കളായ ഇവര്‍ക്കിടയിൽ ഒരു ഭൂമിയെച്ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമായിരുന്നു വിഷയം. സംസാരം പ്രകോപനത്തിലേക്ക് നീങ്ങിയതോടെ ലല്ലൻ ഖാൻ വീണ്ടും വെടിയുതിർത്തു. തോക്ക് ചൂണ്ടി പരക്കെ വെടിവെക്കുകയായിരുന്നു. വീട്ടമ്മയും 17 വയസുള്ള മകനും മരുമകനുമാണ് മരിച്ചത്.
വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശവാസികളാകെ ഭീതിയിലായി. മറ്റ് അനിഷ്ട സംഭവങ്ങള്‍ തടയാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ബന്ധുക്കൾ തമ്മിലാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ലൈസന്‍സുള്ള തോക്കും പ്രതികള്‍ വീട്ടിലേക്ക് എത്തിയ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികയുടെ ചില കൂട്ടാളികളെയും പൊലീസിന് കിട്ടി. വസ്തു അളക്കുന്ന സമയത്ത് ഇവർ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ തര്‍ക്ക സ്ഥലത്ത് പൊലീസുകാരൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.