ദുബൈ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും അർബുദ ബാധിതരും ഉൾപ്പെടെ 49 പേരടങ്ങുന്ന ഒരു സംഘംകൂടി ചികിത്സക്കായി യു.എ.ഇയിലെത്തി. അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ചയാണ് അബൂദബിയിലെത്തിയത്.
കുട്ടികളും അർബുദരോഗികളും അവരുടെ ബന്ധുക്കളുമാണ് സംഘത്തിലുള്ളത്. ഗസ്സയിൽ പരിക്കേറ്റ 1000 പേർക്കും 1000 അർബുദബാധിതർക്കും യു.എ.ഇയിൽ ചികിത്സ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഒമ്പതാമത്തെ സംഘമാണ് ഗസ്സ മുനമ്പിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി അബൂദബിയിലെത്തിയത്. പ്രത്യേക മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ഇവരെ ഗസ്സയിലെ ആശുപത്രിയിൽനിന്ന് മാറ്റിയിരുന്നു.
ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 സംരംഭത്തിലൂടെ 15,000 ടൺ സഹായം യു.എ.ഇ നൽകി. പ്രതിദിനം 1.2 ദശലക്ഷം ശേഷിയുള്ള ഉപ്പുവെള്ള ശുദ്ധീകരണശാലയും ഗസ്സയിൽ യു.എ.ഇ നിർമിച്ചു നൽകിയിരുന്നു. ഇതിലൂടെ ആറു ലക്ഷം പേർക്കാണ് കുടിവെള്ളം ലഭ്യമായത്.